കോവിഡ് വന്നുപോകട്ടെ, എന്ന് കരുതുന്നത് അപകടകരം
ZEE 4 NEWS
നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി കരുതൽ തുടരാം
കുറ്റിപ്പുറം: പഞ്ചായത്തിൽ എട്ടാമത്തെ കോവിഡ് മരണത്തിന് സാക്ഷിയായി. കുളക്കാട് ജുമ മസ്ജിദ് കബറിടത്തിൽ എല്ലാ കോവിഡ് പ്രോട്ടോകോളോടും കൂടി 11 മണിക്ക് സംസ്കരിച്ചു. മാസ്ക് ശരിയായി ധരിക്കാത്തവർ, കൈ വൃത്തിയായി കഴുകാത്തവർ, ആരോഗ്യ വകുപ്പ് പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ നടക്കുന്നവർ ഒന്നാലോചിക്കുക. അവസാനമായി ഒരു നോക്ക് കാണാൻ പറ്റാതെ പൊട്ടിക്കരയുന്ന ഭാര്യയെ കുറിച്ച് ഒന്നോർത്തു നോക്കൂ,മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാത്ത പോസിറ്റീവ് ആയി ഹോം ഐസൊലേഷൻ ഇരിക്കുന്ന സ്വന്തം മക്കളെ കുറിച്ച് ഒരു വേള ചിന്തിക്കൂ, നാം നാളെ നമ്മൾ ആകാതിരിക്കാൻ, നമ്മുടെ ഉറ്റവർ ആകാതിരിക്കാൻ കോവിഡിനെ തുരത്താൻ നമുക്ക് കഴിയണം. ആംബുലൻസ് വന്നു വീടിന്റെ മുറ്റത്തു വന്നു നിന്നപ്പോൾ, PPE കിറ്റ് ധരിച്ചു ആ ഉമ്മ രണ്ടു പേർ താങ്ങി, മൂന്നു ലയർ കൊണ്ട് കവർ ചെയ്ത് മയ്യിത്ത് ആംബുലൻസിന്റെ കിളി വാതിലൂടെ കണ്ടു മതിവരാതെ തളർന്ന മനസ്സുമായി തിരിച്ചു പോകുന്ന ആ നിമിഷം മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നില്ല, ആംബുലൻസ് സ്റ്റാർട്ട് ചെയ്തപ്പോൾ വീട്ടിൽ നിന്നുള്ള കൂട്ട നില വിളി ഇപ്പോഴും ചെവിയിൽ തങ്ങി നിൽക്കുന്നു. ഇത്തരം ഒരവസ്ഥ ഒരാൾക്കും ഉണ്ടാവാതിരിക്കട്ടെ, ഒരാളും നിമിത്തമാകാതിരിക്കട്ടെ. മൂന്നു ദിവസം മുന്നെ ഒരാളെ നിർബന്ധിച്ചു കോവിഡ് ആന്റിജൻ ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആയി എന്ന് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്, അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഉപദേശം ഇങ്ങനെ ആയിരുന്നു.എന്തിനാ വെറുതെ ടെസ്റ്റ് ചെയ്തത് അതുകൊണ്ട് അല്ലെ പോസിറ്റീവ് ആയത്. അത്തരക്കാർ ചിന്തിക്കുക, 85% ആളുകളും ലക്ഷണങ്ങൾ ഇല്ലാതെ പകർത്തി കൊണ്ട് നടക്കുന്നത് നിരപരാധികളായ, , മറ്റു രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പാവങ്ങൾ ആയ നിങ്ങളുടെ ഉറ്റവരെയും ഉടയവരെയും ആണ് മരണത്തിലേക്ക് തള്ളി വിടുന്നത്, എന്ത് തെറ്റാണ് അവർ നിങ്ങളോട് ചെയ്തത്. ഓരോ ദിവസവും കുറ്റിപുറത്തും പരിസര സ്ഥലങ്ങളിലും പോസിറ്റീവ് ആയി വീട്ടിൽ കഴിയുന്ന എത്ര പേരെയാണ് കോവിഡ് സെന്ററിലേക്ക് മാറ്റുന്നത് രാത്രികളിലും പകലുകളിലും എത്ര എത്ര ഫോൺ കോളുകൾ ആയി ആരോഗ്യ പ്രവർത്തകർ കൈകാര്യം ചെയ്യുന്നത്, ചിലർ പേടിച്ചു കരയുന്നവർ, ചിലർ മാനസ്സികമായി തളർന്നവർ, ചിലർ പേടിച്ചു സ്‌ട്രോക് വന്നവർ, ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നവർ, ശരീരം മുഴുവൻ വേദനിക്കുന്നവർ ഇങ്ങനെ പോകുന്നു ലിസ്റ്റ്. എന്നാൽ 17ദിവസം കഴിഞ്ഞു ഭേദം ആയാലും പിന്നെയും. പ്രശ്നങ്ങൾ. കോവിഡ് മുക്തരിൽ 10% മുതൽ 20% വരെ ആളുകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ. ഏതൊക്കെ അവയങ്ങളെ എങ്ങിനെയൊക്കൊ ബാധിക്കുന്നു ഒരാൾക്കും കൃത്യമായി പറയാൻ ഇനിയും മാസങ്ങൾ എടുക്കും. ഈ പരീക്ഷണത്തിന് നാം സ്വയം ഗിനി പന്നികൾ ആകണോ?.
ശത്രു പിന്നിൽ നിന്നും ആക്രമിക്കുന്നത് പോലെ ഒരു കുഞ്ഞു വൈറസ് ലോകത്ത് മുഴുവൻ ആക്രമിച്ചു കീഴടക്കി നശിപ്പിക്കുമ്പോൾ ജീവിതം നഷ്ട്ടപ്പെട്ട കുറെ പേരുണ്ട് നമുക്ക് ചുറ്റും എന്ന് എന്തുകൊണ്ട് നാം ചിന്തിക്കുന്നില്ല. പൊതു ഇടങ്ങളിൽ പുഞ്ചിരിക്കുന്ന മുഖം മാസ്കിനുള്ളിൽ ഒളിപ്പിച്ചു നടക്കുന്ന കുറെ മനുഷ്യർ ഉണ്ട് അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പൊയ്മുഖങ്ങളെ നാം തിരിച്ചറിയുക. എനിക്കൊന്നും ഇല്ല, ലക്ഷണങ്ങൾ ഇല്ല എന്ന് വീമ്പ് പറഞ്ഞു നടക്കുന്ന, കല്യാണങ്ങൾ ഇനിയും പൊങ്ങച്ചത്തോടെ നടത്തുന്ന പ്രാഞ്ചിയേട്ടൻമാർ ഓർക്കുക, നിങ്ങൾ നൽകുന്നത് കൊലച്ചോറാണ്. ചുറ്റുപാടിൽ കോവിഡ് പോസിറ്റീവ് ആയി ഒരു വീട്ടിൽ തന്നെ പത്തോ പന്ത്രണ്ടോ പേർ ശരിക്ക് ഭക്ഷണവും മരുന്നും കിട്ടാതെ വിഷമിക്കുമ്പോഴും തൊട്ടടുത്തു ബർത്ത് ഡേയും വെഡിങ് അനിവേഴ്സറിയും നടത്തുന്ന കേക്ക് മുറിച്ചു വങ്കത്തരം കാണിക്കുന്നവർ ഒരു നിമിഷം ഇറ്റലിയിൽ വെന്റിലേറ്റർ തികയാതെ വന്നപ്പോൾ പ്രായമായവർ പറഞ്ഞ ഒരു വാക്കുണ്ട്. ഞങ്ങൾ പ്രായമായവർ ആണ് ഏതായാലും മരിക്കേണ്ടവർ ഓക്സിജൻ സിലിണ്ടർ യുവാക്കൾക്ക് കൊടുക്കൂ അവർ ജീവിക്കട്ടെ. എവിടെ നമ്മുടെ സാമൂഹ്യ ബോധം. പ്രളയത്തിൽ നാം താളുകൾക്കുമപ്പുറം ഉള്ള പാഠം പഠിച്ചു. ആരാധാലയങ്ങളിൽ അകലം പാലിച്ചവർ വീണ്ടും മടിയില്ലാതെ അടുക്കുന്നു, മനുഷ്യ മനസ്സ് അസാധാരണമായ സംക്രമണ ശേഷി ഉള്ളതാണ്. പരിസരങ്ങൾ, ചുറ്റുപാടുകൾ സംസ്കാര ശൂന്യമാണെങ്കിൽ ഓരോരുത്തരെയും അത് ബാധിക്കും. ആരോഗ്യം ഒരാൾക്ക് മാത്രമായി നില നിർത്താൻ കഴിയില്ല. മനുഷ്യൻ സാമൂഹ്യ ജീവിയാണ്. അവന് സാമൂഹ്യ ബാധ്യത ഉണ്ട്. സാമൂഹ്യ ബോധം വേണം. ഒറ്റപ്പെട്ട ചിന്താഗതി അധോഗതിയാണ്. ഒത്തൊരുമയിലൂടെ അത് അനുഭവിക്കണം. ഒരാൾ അസംപ്‌തൃപ്തനായാൽ അയാൾക്ക് ചിലപ്പോൾ ലോകത്തെ തന്നെ മുഴുവൻ തകിടം മറിക്കാൻ പറ്റുന്ന കാലമാണിന്നു. സ്വന്തം ജീവിതം മാത്രം സന്തോഷപരമാക്കുക എന്ന ആത്മഹത്യാപരമായ തീരുമാനം ഉപേക്ഷിക്കുക. സ്വയം രോഗം മറ്റുള്ളവർക്ക് പകർത്താതെ സാമൂഹ്യ ബോധം കാത്തു സൂക്ഷിക്കുക. മറ്റൊരാളുടെ ജീവിതം ധന്യമാക്കുന്നതിൽ പങ്കാളി ആകുമ്പോഴാണ് നാം ധനികർ ആകുന്നത്. ഒരു നല്ല മലയാളി ആകുക. സാമൂഹ്യ ബോധം, സഹജീവി സ്നേഹം, സാഹോദര്യം, മാനവികത മുറുകെ പിടിക്കുക. കോവിഡ് -19നെതിരെ വാക്‌സിനുകൾ, മരുന്നുകൾ ഉണ്ടാകുമെന്ന് നിശ്ചയം. പക്ഷെ നമ്മുടെ അശ്രദ്ധ കൊണ്ട് വൈറൽ വ്യാപനം കൊണ്ട് എത്ര പേരെ കുരുതി കൊടുക്കുമെന്ന് കണ്ടറിയണം..
നാം നമ്മെ മാത്രമല്ല സമൂഹത്തെയും രക്ഷപ്പെടുത്തുക. അതിനായി നമുക്ക് തോളോട് തോൾ ചേർന്നു പ്രവർത്തിക്കാം. ആരായിരുന്നാലും മുമ്പിൽ കോവിഡ് പോസിറ്റീവ് ആണ് നില്കുന്നു എന്ന് കരുതി പെരുമാറുക, വ്യക്തി ശുചിത്വം നില നിർത്തുക, പൊതു സ്ഥലത്ത് തുപ്പാതിരിക്കുക, മാസ്ക് ശരിയായി ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈ സോപ്പിട്ടു കഴുകുക, സാധങ്ങൾ കൈ മാറുമ്പോൾ(രൂപ, നാണയം, പേപ്പേഴ്സ്, മൊബൈൽ etc) സാനിറ്റൈസർ ഉപയോഗിക്കുക. അടഞ്ഞ മുറിയിൽ നിൽക്കരുത്, വിറ്റാമിൻ സി, എ, ഡി, സിങ്ക് അയേൺ അടങ്ങിയ ഭക്ഷണം കഴിക്കുക, വെള്ളം നല്ലവണ്ണം കുടിക്കുക, മുപ്പതു മിനിറ്റ് വ്യായാമം ചെയ്യുക.പുകവലി, മദ്യപാനം, ജംഗ് ഫുഡ് ഒഴിവാക്കുക. എട്ടു മണിക്കൂർ ഉറങ്ങുക. കോവിഡ് പരിശോധന നടത്തി സാമൂഹ്യ വ്യാപനം ഇല്ലാതാക്കാൻ സാമൂഹ്യ ബാധ്യത നിറവേറ്റി കുടുമ്പത്തെയും നാടിനെയും രക്ഷിക്കുക.ഒരു നല്ല നാളെയെ നമുക്ക് വരവേൽക്കാൻ കാത്തിരിക്കാം...
കടപ്പാട്കുഞ്ഞുമുഹമ്മദ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ